ഒടുവിലെ പത്ത്: പാപക്കയത്തിലെ മുഅ്മിനിന്റെ തുരുത്ത്

Dr. MAH Azhari
അല്ലാഹു തആല ചിലതിനെ മറ്റു ചിലതിനേക്കാൾ പവിത്രമാക്കിയിട്ടുണ്ട്. ചില സമയങ്ങൾക്ക് മറ്റു സമയങ്ങളെക്കാളും, ചില സ്ഥലങ്ങൾക്ക് മറ്റു സ്ഥലങ്ങളെക്കാളും, ചില മനുഷ്യർക്ക് മറ്റു മനുഷ്യരെക്കാളുമൊക്കെ ശ്രേഷ്ഠതയുണ്ട്. മറ്റു മാസങ്ങളേക്കാളെല്ലാം അല്ലാഹു മഹത്വം കല്പിച്ചിട്ടുള്ള മാസമാണ് ശഹ്റു റമളാൻ. അതിൽ തന്നെ അത്യധികം പ്രധാനപ്പെട്ടതാണ് ഒടുവിലെ പത്ത് ദിവസങ്ങൾ. നരക മോചനത്തിനും സ്വർഗ പ്രവേശത്തിനും വേണ്ടി റബ്ബ് പ്രത്യേകം തയ്യാറാക്കിയ പത്ത് ദിനങ്ങളാണവ. ഇബാദത്ത് കൊണ്ട് നിശ്ചയമായും ധന്യമാക്കേണ്ട പത്ത് ദിന രാത്രങ്ങൾ.

ആയിരം മാസങ്ങളെക്കാൾ മഹനീയമായ ഒരു രാത്രിയെ, അല്ലാഹു ഔദാര്യമായി ഈ ഉമ്മത്തിന് നൽകിയിട്ടുണ്ട്. അല്ലാഹുവിന്റെ കരുതലും കരുണയുമാണത്. ലൈലതുൽ ഖദ്ർ എന്ന് ഖുർആൻ വിശേഷിപ്പിച്ച ആ രാത്രി ഏതാണെന്ന വിവരം മുത്ത് നബി (സ്വ) കൃത്യമാക്കി ഉമ്മത്തിന് കൈമാറിയിട്ടില്ല. അതൊരു വ്യക്തമായ പദ്ധതിയുടെ ഭാഗമാണ്. എന്നാൽ, ലൈലതുൽ ഖദ്റിന്റെ സാധ്യതകളെ കണക്കിലെടുത്ത് പണ്ഡിത സൂരികൾ പല അഭിപ്രായങ്ങളും പങ്കുവെച്ചിട്ടുണ്ട്. റമളാനിന്റെ ഒടുവിലെ പത്തിലെ, ഒറ്റയായ ഒരു രാവാകാനാണ് കൂടുതൽ പണ്ഡിതരും സാധ്യത പറഞ്ഞിട്ടുള്ളത്.

ലൈലതുൽ ഖദ്റിനെ വേണ്ട രൂപത്തിൽ ഉപയോഗപ്പെടുത്താൻ വിശ്വാസിക്ക് സാധിക്കണം. എല്ലാ രാത്രിയിലെയും മഗ്രിബും ഇശാഉം ജമാഅതായി തന്നെ നിർവ്വഹിക്കണം. റവാതിബുകൾ ഒഴിവാക്കരുത്. തറാവീഹും വിത്റും തസ്ബീഹും മറ്റു സുന്നത് നിസ്കാരങ്ങളും ശ്രദ്ധിക്കണം. ഖുർആൻ ധാരാളമായി ഓതുകയും ദിക്റുകൾ വർദ്ധിപ്പിക്കുകയും വേണം. സ്വദഖയടക്കം കഴിവിന്റെ പരമാവധി നന്മകൾ ചെയ്ത് കൂട്ടണം. ഒടുവിലെ പത്തായി കഴിഞ്ഞാൽ നബി തങ്ങൾ (സ്വ) രാത്രി കൂടുതലും ഹയാതാക്കുമായിരുന്നുവെന്ന് ആഇശ (റ) പറയുന്നുണ്ട്. ബാക്കിയുള്ള സമയങ്ങളിലെ ഇബാദത്തിനെക്കാൾ, പ്രസ്തുത ദിവസങ്ങളിൽ തങ്ങൾ ആരാധനക്ക് വേണ്ടി കൂടുതൽ അധ്വാനിക്കാറുണ്ടായിരുന്നു എന്നും ബീവി പഠിപ്പിക്കുന്നു.

അന്നേ ദിവസങ്ങളിൽ സ്വഹാബികൾ കൂടുതൽ വൃത്തിയുള്ളവരാവുകയും നല്ല വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒടുവിലെ പത്തിന്റെ രാത്രികളിൽ സ്വഹാബികൾ കുളിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു എന്ന് ഇബ്നു ജരീർ (റ) പറയുന്നുണ്ട്. ബഹുമാനത്തോടു കൂടി ആ ദിവസങ്ങളെ സ്വീകരിക്കുന്നതിന്റെ ഭാഗമാണത്. ഈ ദിവസങ്ങളിൽ നബി (സ്വ) പ്രത്യേകമായി ചെയ്തിരുന്ന ഇബാദത്തുക്കളെ എണ്ണിപ്പറയുന്നതിനിടയിൽ, ഇബ്നു റജബും, ഇശാ-മഗ്രിബിനിടയിലെ കുളിയെ പരാമർശിക്കുന്നുണ്ട്.

സ്വയം നിസ്കരിക്കുക മാത്രമല്ല, നിസ്കരിക്കാൻ വേണ്ടി കുടുംബത്തെ വിളിച്ചുണർത്തുക കൂടി ചെയ്തിരുന്നു നബി (സ്വ) യും അനുചരരും. ഭാര്യമാരെയും അലി-ഫാത്വിമ ദമ്പതികളെയും വിളിച്ചുണർത്തിയ സംഭവം ഹദീസുകളിൽ നിന്നും വായിക്കാൻ സാധിക്കും. ഉമർ (റ) തന്റെ കുടുംബത്തെ വിളിച്ചുണർത്തിയ സംഭവം മുവത്വഇലും പ്രതിപാദിച്ചിട്ടുണ്ട്.

ഇഅ്തികാഫാണ്, ഈ ദിനങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട മറ്റൊരു ഇബാദത്ത്. റമളാനിലെ ഒടുവിലെ പത്ത് മുഴുവനും നബി (സ്വ) ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവസാന റമളാനിൽ ഇരുപത് ദിവസവും ഇഅ്തികാഫ് ഇരുന്നിട്ടുണ്ടായിരുന്നു. ഇക്കാര്യം ശിഷ്യനായ അബൂ ഹുറൈറ (റ) രേഖപ്പെടുത്തുന്നുണ്ട്. ദുൻയവിയായ ഇടപാടുകളിൽ നിന്നും പരിപാടികളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കലും, തനിച്ച് അടങ്ങിയിരിക്കലുമാണ് ഇഅ്തികാഫ്. നബി തങ്ങൾ (സ്വ) അങ്ങനെയായിരുന്നു ചെയ്തിരുന്നത്.

രിസാലതും തബ്ലീഗുമടക്കം ഏറ്റവുമധികം തിരക്കും ചുമതലകളുമുണ്ടായിരുന്ന നബി (സ്വ) ക്ക് സാധിച്ചിരുന്ന ഇഅ്തികാഫ്, നമ്മിൽ പലരും തിരക്കുകളുടെ പേരു പറഞ്ഞ് നഷ്ടപ്പെടുത്തുന്നു. വിഷയത്തിന്റെ ഗൗരവവും പ്രാധാന്യവും വേണ്ട പോലെ ഉൾകൊള്ളാത്തതിന്‍റെ പ്രശ്നമാണത്. പത്ത് ദിവസം പള്ളിയിൽ തന്നെയായിപ്പോയാൽ എന്തൊക്കെയോ നഷ്ടപ്പെടുമെന്ന അനാവശ്യമായ ആവലാതിയാണ് പലരെയും ഇഅ്തികാഫിൽ നിന്നും പിറകോട്ടു വലിക്കുന്നത്. വ്യക്തമായ പ്ലാനിങ്ങും ലക്ഷ്യവുമുണ്ടെങ്കിൽ അതൊരു ബുദ്ധിമുട്ടേയല്ല. ആഗ്രഹവും സന്നദ്ധതയും ഉണ്ടായാൽ മതി.

ഇഅ്തികാഫ് ഇരിക്കുന്നവർക്ക് വേണ്ടി പള്ളിയുമായി ബന്ധപ്പെട്ടവർ ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കണം. അവരുടെ സാധനങ്ങൾ സൂക്ഷിക്കാനും, കിടക്കാനും, കുളിക്കാനും മറ്റുമുള്ള സൗകര്യങ്ങൾ കഴിയുന്ന പോലെ സജ്ജീകരിക്കണം. ഒടുവിലെ പത്തിൽ പള്ളികളെ സ്വഹാബത്ത് സുഗന്ധം കൊണ്ട് അലങ്കരിക്കാറുണ്ടായിരുന്നു.

അനുമതിയുള്ള കാലങ്ങളിൽ പള്ളിയിലും, ശേഷം സ്വന്തം വീടുകളിൽ മസ്ജിദുകളുണ്ടാക്കിയും, ഉമ്മഹാതുൽ മുഅ്മിനീങ്ങളടക്കം സ്ത്രീകളും അക്കാലത്ത് ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒന്നായത് കൊണ്ടാണ് അത്രയും പ്രയാസം സഹിച്ചും അവരതിന് മുതിർന്നിരുന്നത്. മുത്ത് നബി (സ്വ) യുടെ സുന്നത്തുകൾ കഴിയും വിധം പിന്തുടരാനുള്ള തത്രപ്പാടായിരുന്നു അവരുടെ മുഴുവൻ പ്രവർത്തനങ്ങളും. അല്ലാഹു നമുക്കും തൗഫീഖിനെ ഏറ്റിത്തരട്ടെ.

© 2024 Dr. MAH Azhari
⚡ziqx.cc